നിലമ്പൂര്‍: സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന ജലീല്‍ പ്രസ്താവനക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അന്‍വര്‍ പറഞ്ഞു.
ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല. സ്വര്‍ണക്കടത്തില്‍ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ ജലീല്‍ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
ജലീലിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗുംരംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തേക്കാള്‍ ഗുരുതരമാണ് ജലീലിന്റെ പ്രസ്താവന.
ഫേസ്ബുക്ക് പോസ്റ്റലൂടെയായിരുന്നു ജലീലിന്റെ പരാമര്‍ശം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായിട്ടാണ് ജലീലിന്റെ വാദം. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99%വും മുസ്‌ലിം പേരുകാരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്‌ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി? എന്നായിരുന്നു ജലീലിന്റെ കമന്റ്.