85 ഹാഫിളുകള്‍കര്‍മരംഗത്തേക്ക്; ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടി ഞായര്‍ മഅദിന്‍ കാമ്പസില്‍

Malabar One  Desk

മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപ്പാഠമാക്കിയ 85 വിദ്യാര്‍ത്ഥികളുടെ ഖത്മുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്‍ പഠന പൂര്‍ത്തീകരണ വേദി) ഇന്ന് മഅദിന്‍ ക്യാമ്പസില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ നീളുന്ന പരിപാടി മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഹിഫ്‌ള് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെയും സ്‌നേഹ ജനങ്ങളുടെയും സാന്നിധ്യത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തും. സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. അതോടൊപ്പം സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
നിലവില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. മൊത്തം 385 പേര്‍ ഇതിനകം ഹിഫ്ള് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ കാഴ്ച പരിമിതിയുള്ളവരാണ്. ബ്രെയില്‍ ലിപി ഉപയോഗിച്ചാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവാര്‍ഡ് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ ഖലീല്‍ ബുഖാരി തങ്ങളുടെ പുത്രന്‍ മര്‍ഹൂം സയ്യിദ് തഖ്‌യുദ്ധീന്‍ അല്‍ ബുഖാരിയുടെ വേര്‍പാടിന്റെ 40-ാം ദിന പരിപാടികളും നടക്കും.

പരിപാടിയില്‍ ഐ സി എഫ് ഗ്ലോബല്‍ പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍ പകര, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവിക്കുട്ടി ഫൈസി എടക്കര, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ബഷീര്‍ സഅദി വയനാട്, ഖാരിഅ് അസ്‌ലം സഖാഫി, ഹബീബ് സഅദി മൂന്നിയൂര്‍, ബഷീര്‍ രണ്ടത്താണി എന്നിവര്‍ സംബന്ധിക്കും.
3/related/default