മലപ്പുറത്തെ 350 രോഗികള്‍ക്ക് സാന്ത്വനമായി റിമാല്‍ കൂട്ടായ്മ

Malabar One  Desk

മലപ്പുറം:റിയാദിലെമലപ്പുറം നിവാസികളുടെ കൂട്ടായ്മയായ 'റിയാദ് മലപ്പുറം കൂട്ടായ്മ' (റിമാല്‍)  എല്ലാ വര്‍ഷവും  നടത്തി വരുന്ന 'റിമാല്‍ സാന്ത്വനം' പരിപാടിയുടെ 2024 ധന സഹായ വിതരണം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.


മാരക രോഗങ്ങള്‍ കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ വിവരശേഖരണം , കുടുംബങ്ങളില്‍ നേരിട്ട് എത്തിയുള്ള സാന്ത്വനം, അര്‍ഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം,  എന്നിവയാണ് റിമാല്‍ സാന്ത്വനം പദ്ധതിയുടെ  പ്രധാന പ്രവര്‍ത്തനങ്ങള്‍.  മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ ഒമ്പത്  പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന റിമാല്‍ പരിധിയില്‍ പെട്ട ഏറ്റവും അര്‍ഹരായ ഡയാലിസിസ് ചെയ്യുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികള്‍ എന്നീ ഗണത്തിലെ 350  രോഗികള്‍ക്ക് സഹായ വിതരണം നടത്തി.  പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങല്‍, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാല്‍ പരിധിയില്‌പെട്ട പഞ്ചായത്തുകള്‍. ആവശ്യവും അര്‍ഹതയും അനുസരിച്ച  കുടുംബങ്ങള്‍ക്ക് വേണ്ടി  ഇടപെടലുകള്‍ തുടരാനും റിമാല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  ഭീമമായ  ചിലവ് വരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കും റിമാല്‍ സഹായം നല്കിയിട്ടുണ്ട്.



  ദീര്‍ഘകാലം കഴിക്കേണ്ടി വരുന്ന, വില കൂടിയ മരുന്നുകള്‍  വാങ്ങാന്‍ സഹായിക്കുന്ന  പ്രത്യേക സംവിധാനവും നിലവിലുണ്ട്. കൂടാതെ റിയാദില്‍ വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുഅതോടൊപ്പം റിമാല്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി, അര്‍ഹരായവര്‍ക്ക് വേണ്ടി ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന റിമാല്‍ ഡ്രസ്സ് ബാങ്ക് വഴി സൌജന്യ വിതരണം നടത്തി വരുന്നുണ്ട്. ഒരു ദിവസം മാത്രം ഉപയോഗമുള്ള വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കി ഉപയോഗ ശേഷം െ്രെഡക്ലീന്‍ ചെയ്ത് തിരിച്ചു വാങ്ങുന്നു. കോട്ടപ്പടി തിരുര്‍ റാഡില്‍ സിറ്റിഗോള്‍ഡ് ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തന സമയം വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയാണ്. റിയാദിലെ സാധാരണക്കാരായ പ്രവാസികള്‍, നാട്ടിലെ മുന്‍ പ്രവാസികള്‍, റിയാദിലെയും നാട്ടിലെയും റിമാല്‍ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെ സഹായം.സമാഹരിച്ചാണ് റിമാല്‍ സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. റിമാല്‍ സാന്ത്വനം പദ്ധതിയില്‍ സഹകരിച്ച അംഗങ്ങള്‍ക്കും,  റിയാദിലെ  പ്രവാസികള്‍, നാട്ടിലെ മുന്‍ പ്രവാസികള്‍, റിയാദിലെയും നാട്ടിലെയും റിമാല്‍ അഭ്യുദയ കാംക്ഷികള്‍ എന്നിവര്‍ക്കും, അര്‍ഹരായ രോഗികളെ കണ്ടെത്തുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും സഹായിച്ച വിവിധ പ്രദേശങ്ങളിലെ പാലിയേറ്റീവ് വളണ്ടിയര്മാര്‍ക്കും  മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കും   കമ്മിറ്റിയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഭാരവാഹികള് അറിയിച്ചു.റിയാദിലെ പ്രവാസികളുടെ  ആരോഗ്യ, തൊഴില് നിയമ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികള്‍ നേരിടുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിനും  കഴിഞ്ഞ  17  വര്‍ഷമായി കക്ഷി , മത , രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ്  റിമാല്‍.
3/related/default