തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം എടുത്ത് കുടിച്ചതിന്റെ വിരോധത്തിൽ അമ്മാവന്റെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് മരിച്ചത്. സംഭവത്തിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി ഗിരീഷ് (48) നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം പത്മാനന്ദൻ എടുത്ത് കുടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഗിരീഷ് ഇയാളെ സോഫയിലേക്ക് തള്ളിയിടുകയും മർദിക്കുകയും ചെയ്തു. തുടർന്ന് നിലത്തുവീണ പത്മാനന്ദന്റെ നെഞ്ചിൽ നിരവധി തവണ ചവിട്ടിയതായാണ് പൊലീസ് പറയുന്നത്.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ പത്മാനന്ദന് ചികിത്സ നൽകാതെ വീട്ടിൽ തടഞ്ഞുവെച്ചതിനെ തുടർന്ന് 25ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം പൊന്നാനി ഈഴവത്തുരുത്തി ശ്മശാനത്തിൽ സംസ്കരിച്ചു.
പ്രതിയെ നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
പത്മാനന്ദന്റെ ഭാര്യ ഷീജ. മക്കൾ പ്രവീണ, പവിത്ര.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ