മലപ്പുറം: വിതരണത്തിനായി ലോറിയിൽ കയറ്റി അയച്ച 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീൽ പൈപ്പുകൾ യാത്രാമധ്യേ തട്ടിയെടുത്ത് വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തിയെന്ന കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. പുത്തനത്താണി ചന്ദനക്കാവ് അനന്താവൂർ സ്വദേശി അബ്ദുൽ സമീർ (42) ആണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ജൂലൈ നാലിന് തെലങ്കാനയിലെ കമ്പനിയിൽ നിന്ന് മലപ്പുറം വലിയപറമ്പിലെ വിജിസി സ്ഥാപനത്തിലേക്ക് അയച്ച സ്റ്റീൽ പൈപ്പുകളാണ് പ്രതി ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വളാഞ്ചേരി ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയത്. തുടർന്ന് വിവിധ ഇടങ്ങളിലായി പൈപ്പുകൾ വിൽക്കുകയും ലഭിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.
ചരക്ക് നിശ്ചിത സമയത്ത് സ്ഥാപനത്തിൽ എത്താതിരുന്നതിനെ തുടർന്ന് കമ്പനി സെയിൽസ് മാനേജർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒളിവിലായിരുന്ന പ്രതിയെ പാലക്കാട് കുമരനെല്ലൂരിലെ ഭാര്യവീട്ടിൽ നിന്നാണ് വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ