റെയ്ഡിന് പിന്നാലെ ഇഡി നടപടി; വീണ ടി.യുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം : സിഎംആർഎൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധനയ്ക്കായി പിടിച്ചെടുത്തതായി റിപ്പോർട്ട്.
പരിശോധനയിൽ നിരവധി സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ കണ്ടെത്തിയതായി ഇഡി അറിയിച്ചു. വിവിധ അക്കൗണ്ടുകളിലായി കോടിക്കണക്കിന് രൂപ മരവിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം റെയ്ഡിന് ശേഷം ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് വാഹനങ്ങൾ ആക്രമിക്കപ്പെട്ടതായും ഒരു ഡ്രൈവർക്കു പരുക്കേറ്റതായും ഇഡി പ്രസ്താവനയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.