gtag('config', 'G-JLGLB1LBDZ'); നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം; “കേരളത്തിന്റെ അവകാശങ്ങള്‍ പറയാതെ മൗനം പാലിച്ചു” — പിണറായി വിജയന്‍

നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം; “കേരളത്തിന്റെ അവകാശങ്ങള്‍ പറയാതെ മൗനം പാലിച്ചു” — പിണറായി വിജയന്‍

Malabar One  Desk

നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം; “കേരളത്തിന്റെ അവകാശങ്ങള്‍ പറയാതെ മൗനം പാലിച്ചു” — പിണറായി വിജയന്‍



തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം “നയരാഹിത്യ പ്രഖ്യാപനം” ആണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്ന് ആവശ്യപ്പെടേണ്ട പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രഖ്യാപനത്തില്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ബ്ലൂപ്രിന്റിന്റെ തുടര്‍ച്ചയെക്കുറിച്ച് ഒരു സൂചനപോലുമില്ലെന്നും, പ്രധാന വികസന പദ്ധതികള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി, കുടുംബശ്രീ, അതിദാരിദ്ര്യമുക്ത പദ്ധതി തുടങ്ങിയ ജനകീയ പദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ലാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം 5429 കോടി രൂപ നീക്കിയിരിപ്പോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, തൊഴിലുറപ്പ് പദ്ധതി, കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍, സാമ്പത്തിക ഫെഡറലിസം തുടങ്ങിയ നിര്‍ണായക വിഷയങ്ങളിലും നയപ്രഖ്യാപനം വ്യക്തത പുലര്‍ത്തിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം കുറഞ്ഞ സാഹചര്യവും സാമ്പത്തിക ശേഷിയും മറച്ചുവെക്കപ്പെടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്നും, സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരെ വരുന്ന കാര്യങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിയമസഭയിലെ ചടങ്ങിനിടെ ഗവര്‍ണറോടൊപ്പം ഡിജിപി എത്തിയതിനെ ചട്ടലംഘനമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കൂടാതെ, വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ആവശ്യം ആര്‍എസ്എസ് അജണ്ടയാണെന്നും, രണ്ട് ഈരടി ആലപിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം ആവശ്യമില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

3/related/default