ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണ്ണായക മൊഴി; എ. പത്മകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ പത്മകുമാർ നിർണ്ണായക മൊഴി നൽകിയതായി വിവരങ്ങൾ പുറത്തുവന്നു.
ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് പത്മകുമാർ മൊഴി നൽകിയത്. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം അപേക്ഷ നൽകിയത് ദേവസ്വം ബോർഡിനെയോ ഉദ്യോഗസ്ഥരെയോ അല്ല, മറിച്ച് സർക്കാരിനെയാണ്.
"അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അറിയാതെ ഈ അപേക്ഷ ദേവസ്വം ബോർഡിലേക്ക് എത്തില്ല," പത്മകുമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. സർക്കാരിൽ നിന്നെത്തിയ ഈ അപേക്ഷയിന്മേലാണ് ദേവസ്വം ബോർഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും തുടർനടപടി സ്വീകരിച്ചതെന്നും ഫയൽ നീക്കം നടത്തിയത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം മൊഴി നൽകി.
സ്വർണ്ണക്കൊള്ളയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കിൽ അനുമതി നൽകുമായിരുന്നില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എൻ. വാസുവിനെ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ, "എല്ലാം അയ്യപ്പൻ തീരുമാനിക്കും" എന്നായിരുന്നു എ. പത്മകുമാറിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
പത്മകുമാറിന്റെ ഈ നിർണ്ണായക മൊഴി, ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.