കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാൻ 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം

Malabar One  Desk
കുട്ടികൾക്ക് സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാൻ 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം


 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനു 2027 മേയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) നിയമത്തിലെ ചില വകുപ്പുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെങ്കിലും ഇതടക്കമുള്ള വ്യവസ്ഥകൾ അന്നാണ് പ്രാബല്യത്തിൽ വരിക. സാധാരണക്കാരെ ബാധിക്കുന്ന വ്യവസ്ഥകൾ നടപ്പാകാൻ ഒന്നര വർഷം വരെയെടുക്കും.

നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് രേഖാമൂലം അറിയിക്കേണ്ടിവരും. ഈ വ്യവസ്ഥയും 2027 മേയിലായിരിക്കും പ്രാബല്യത്തിലാവുക.

വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് സ്ഥാപനങ്ങൾക്ക് ഇളവ് നൽകും.രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾപരിശോധിക്കണമെന്നാണ് കരടു വ്യവസ്ഥ.

2027 മേയ് മുതൽ ഉപയോക്താവ് തുടർച്ചയായി 3 വർഷം സമൂഹമാധ്യമ അക്കൗണ്ട് അടക്കമുള്ളവ ഉപയോഗിക്കാതിരുന്നാൽ, ആ വ്യക്തിയുടെ നിശ്ചിത വിവരങ്ങൾ നീക്കംചെയ്യണം. 3 വർഷം തികയുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിന് മുന്നറിയിപ്പു നൽകണം. ഇ–കൊമേഴ്സ്, ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കും ഇതു ബാധകമാണ്.

വിവരസുരക്ഷ ഉറപ്പാക്കാൻ ചുമതലയുള്ള ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബോർഡ് ഇന്നലെ വിജ്ഞാപനം ചെയ്തു. ഡൽഹിയിലായിരിക്കും ആസ്ഥാനം. 4 അംഗങ്ങളുണ്ടാകും. സിവിൽ കോടതിക്ക് തുല്യമായ അധികാരമുണ്ടായിരിക്കും. വ്യക്തികളെ വിളിച്ചുവരുത്താനും രേഖകളും കംപ്യൂട്ടറുകളും പരിശോധിക്കാനും അവകാശമുണ്ടായിരിക്കും. ബോർഡിന്റെ തീരുമാനത്തിനെതിരെയുള്ള അപ്പീൽ നൽകേണ്ടത് ഹൈക്കോടതിയിലാണ്.


3/related/default