വേങ്ങര സബ് ജില്ലയുടെ മത്സരത്തിനിടെ ജില്ലാനീന്തൽ മത്സരത്തിൽ സംഘർഷം:വിദ്യാർഥികൾക്കു പരിക്ക്

Malabar One  Desk

 വേങ്ങര സബ് ജില്ലയുടെ മത്സരത്തിനിടെ ജില്ലാനീന്തൽ മത്സരത്തിൽ സംഘർഷം:വിദ്യാർഥികൾക്കു പരിക്ക്





തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിൽ ബുധനാഴ്ച വൈകീട്ടു നടന്ന ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിലെ ഹയർസെക്കൻഡറി വിഭാഗം വാട്ടർ പോളോ മത്സരത്തിനിടെ സംഘർഷം. ഏഴു വിദ്യാർഥികൾക്ക് പരിക്ക്. വൈകീട്ട് ഏഴോടെയാണു സംഭവം. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


മത്സരം നിയന്ത്രിക്കാനെത്തിയ സർവകലാശാലയിലെ ബിപിഎഡ് വിദ്യാർഥികൾ പക്ഷപാതപരമായി പെരുമാറിയത് ചോദ്യംചെയ്തതിനാണ് വിദ്യാർഥികളെ തല്ലിയത് എന്ന് അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പരിക്കേറ്റ വിദ്യാർഥികളുടെ അധ്യാപകൻ അറിയിച്ചു. അരീക്കോട്-വേങ്ങര സബ്ജില്ലകൾ തമ്മിലുള്ള മത്സരമായിരുന്നു നടന്നിരുന്നത്. വേങ്ങര സബ്ജില്ലയിലെ മത്സരാർഥികളും ഒഫിഷ്യൽസായ ബിപിഎഡ് വിദ്യാർഥികളും ചേർന്നാണ് അരീക്കോട് സബ്ജില്ലയിലെ വിദ്യാർഥികളെ തല്ലിയത് എന്നാണ് അധ്യാപകർ അറിയിച്ചത്. എന്നാൽ വിദ്യാർഥികൾ വിധികർത്താക്കളെ കൈയേറ്റംചെയ്യാൻ ശ്രമിച്ചപ്പോൾ വാട്ടർപോളോ മത്സരം താത്കാലികമായി നിർത്തിവെക്കുകയും വിദ്യാർഥികളെ പുറത്താക്കുകയും ചെയ്തുവെന്നും പിന്നീട് പുറത്തു വെച്ചാണ് സംഘർഷം ഉണ്ടായതെന്നും സംഘാടകർ അറിയിച്ചു. പരിക്കേറ്റ നാലു വിധികർത്താക്കളേയും തിരൂരങ്ങാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



3/related/default