കോട്ടക്കലിൽ തെരുവ് നായയുടെ ആക്രമണം; വീട്ടിൽ കിടന്നുറങ്ങിയ 8 വയസ്സുകാരന് ഗുരുതര പരിക്ക്
കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കോട്ടക്കൽ സ്വദേശി വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റത്.
ഞെട്ടിക്കുന്ന സംഭവത്തിൽ, മുൻവാതിലിലൂടെ വീട്ടിൽ കടന്ന തെരുവ് നായ അകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു.
മിസ്ഹാബിന്റെ കാലിനാണ് തെരുവ് നായ കടിച്ചത്. കുട്ടിയുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനകത്ത് കയറിയുള്ള തെരുവ് നായയുടെ ആക്രമണം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.