നാടോടി സ്ത്രീകൾക്ക് നൽകിയ പഴയ സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം; വീട്ടമ്മ തിരഞ്ഞുപിടിച്ച് വീണ്ടെടുത്തു

Malabar One  Desk
നാടോടി സ്ത്രീകൾക്ക് നൽകിയ പഴയ സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം; വീട്ടമ്മ തിരഞ്ഞുപിടിച്ച് വീണ്ടെടുത്തു


നിലമ്പൂർ:  പഴയ വസ്ത്രങ്ങൾ നൽകുന്നതിനിടെ അബദ്ധത്തിൽ സ്വർണാഭരണങ്ങൾ അടങ്ങിയ സാരി നാടോടി സ്ത്രീകൾക്ക് കൈമാറിയ വീട്ടമ്മയും ഭർത്താവും ചേർന്ന് സ്വർണം വീണ്ടെടുത്തു. നിലമ്പൂർ എടക്കര കുറുമ്പലങ്ങോട് സ്വദേശിനിയായ വനജയും ഭർത്താവ് സേതുവും ചേർന്നാണ് അമ്മയുടെ മരണശേഷം ലഭിച്ച നാല് പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ തിരികെ നേടിയത്.

വനജയുടെ വീട്ടിലെ അലമാരയിൽ സാരികൾക്കിടയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ 10-നാണ് കർണാടക സ്വദേശികളായ നാടോടി സ്ത്രീകൾ പഴയ വസ്ത്രങ്ങൾ ആവശ്യപ്പെട്ട് പ്രദേശത്തെ വീടുകളിൽ എത്തിയത്.

ഈ സമയം, സ്വർണാഭരണം അടങ്ങിയ സാരി ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ വനജ അബദ്ധത്തിൽ അവർക്ക് നൽകുകയായിരുന്നു.

ദിവസങ്ങൾക്കു ശേഷമാണ് വനജയ്ക്ക് അബദ്ധം മനസ്സിലായത്. ആഭരണം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെ ഭർത്താവ് സേതു എടക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറെ വിവരം അറിയിച്ചു. നാടോടികളുടെ താമസ രീതികളെക്കുറിച്ചും തങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും എസ്.ഐ. നൽകിയ വിവരമനുസരിച്ച് സേതുവും വനജയും എടക്കര കാട്ടിപ്പടിയിലെ ക്വാർട്ടേഴ്സിലെത്തി.

നാടോടി സ്ത്രീകളോട് കാര്യം പറഞ്ഞപ്പോൾ, അവർ വസ്ത്രങ്ങൾ അടുക്കിവെച്ച മുറി തുറന്നു കാണിച്ചു. പരിശോധനയിൽ സാരിക്കുള്ളിൽ ആഭരണങ്ങൾ ഭദ്രമായി ഉണ്ടായിരുന്നു. താമസിയാതെ വസ്ത്രങ്ങളുമായി നാടോടികൾ കേരളം വിടാൻ സാധ്യതയുണ്ടായിരുന്നതിനാൽ സമയബന്ധിതമായ തിരച്ചിൽ തുണയായി. സ്വർണം വീണ്ടെടുത്ത ശേഷം നാടോടി സ്ത്രീകൾക്ക് പാരിതോഷികവും നൽകിയാണ് സേതുവും വനജയും മടങ്ങിയത്.


3/related/default