പാലത്തിങ്ങലിലെ കരുണ ആശുപത്രി മലിനജലപ്രശ്‌നത്തിന് പരിഹാരമായില്ല ദുരിതബാധിതർനഗരസഭാമാർച്ച് നടത്തി.

Malabar One  Desk

തിരൂരങ്ങാടി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിപ്പടി കരുണ ആശുപത്രിയിൽനിന്ന് പുറംതള്ളുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ലിക്വിഡുകൾ പ്രദേശത്തെ കിണറുകളിലേക്കും മറ്റും പരന്നെത്തിയ സാഹചര്യത്തിൽ നടപടികളെടുക്കാത്ത തിരൂരങ്ങാടി നഗരസഭാ അധികൃതരുടെ നടപടിക്കെതിരേ ദുരിതബാധിതർ നഗരസഭാ മാർച്ച് നടത്തി. പ്രദേശത്തെ ദുരിതബാധിതരായ സ്ത്രീകളും കുട്ടികളും അടക്കം നടത്തിയ പ്രതിഷേധ ധർണ്ണക്ക് പള്ളിപ്പടി ജനകീയസമിതിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.
ആശുപത്രിയിൽനിന്നുള്ള മലിനജലം ഒഴുകിയെത്തി പരിസരങ്ങളിലെ കിണറുകളിൽ മാലിന്യം കലർന്നതിനാൽ ഒരു വർഷത്തിലധികമായി കുടിവെള്ളം ഉപയോഗിക്കാനാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പരിഹാരമാവശ്യപ്പെട്ട് പലതവണ നഗരസഭാധികൃതരെ സമീപിച്ചിട്ടും നടപടികളെടുക്കാൻ തയ്യാറായിട്ടില്ല. പ്രദേശവാസികൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനും നഗരസഭാധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നും മാലിന്യത്തിന്റെ തോതും ചട്ടലംഘനങ്ങൾ സംബന്ധിച്ചും പിസിബിയും ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നെങ്കിലും നഗരസഭ കരുണാ ഹോസ്പിറ്റൽ മാനേജ്മെന്റുമായി ഒത്ത കളിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സ്വകാര്യ ആശുപത്രിയുമായി നഗരസഭാധികൃതർക്ക് അവിശുദ്ധ ബന്ധമുള്ളതിനാലാണ് ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ തയ്യാറാകാത്തതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തിരൂരങ്ങാടി നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധവുമായെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ നഗരസഭാ കവാടത്തിൽ പോലീസ് തടഞ്ഞു. കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡയിലെടുക്കാൻ ശ്രമിച്ചതോടെ  വാഗ്വാദങ്ങളും,തർക്കങ്ങളും ഉടലെടുത്തു.  സമരക്കാർ പോലീസ് സ്‌റ്റേഷനിലും പ്രതിഷേധമുയർത്തിയത് പോലീസുമായി തർക്കത്തിനിടയാക്കി.

കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നഗരസഭയിലേക്ക് പ്രതിഷേധവുമായി എത്തിയ സ്ത്രീകളെയും കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചതും വാക്ക് തർക്കത്തിനും മറ്റും ഇടയാക്കി.

നഗരസഭക്ക് മുന്നിൽ പ്രതിഷേധിച്ച 25പേർക്കെതിരേ തിരൂരങ്ങാടി പോലീസ് കേസെടുത്തു. സമരത്തിന് ജനകീയസമിതി ഭാരവാഹികളായ മൂഴിക്കൽ കരീം ഹാജി, പി.കെ. ഹംസ, ഡോ. എം. റഫീഖ്, റഫീഖ് മച്ചിങ്ങൽ, എം.പി. സ്വാലിഹ് തങ്ങൾ, ഉമർ ഫാറൂഖ്, ടി.എം. അഷ്‌റഫ്, പാലക്കാട്ട് കുഞ്ഞഹമ്മദ്, സമീർ കുണ്ടാണത്ത്, സുഫൈറ. കെ, റഹ്മത്ത് ടി എം, സൈനബ കൊണ്ടാണ ത്ത്,റാബിയ പി കെ ,റംല എം.എ,റുഖിയ എംടി,ജസീന പി തുടങ്ങിയവർ നേതൃത്വം നൽകി. 

3/related/default