പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ചലനം മെന്റർഷിപ്പ് പ്രോഗ്രാം സിഡിഎസ് വിഷൻ ബിൽഡിംഗ് ശിൽപ്പശാല ഓഗസ്റ്റ് 17, 18 ,19.തിയ്യതികളിൽ പാലക്കാട് അട്ടപ്പാടി ആനമൂലി മൗണ്ട് വ്യൂ റിസോർട്ടിൽ വച്ചു നടന്നു.ചലനം മെന്റെർഷിപ്പ് ക്യാമ്പയിന്റെ പരപ്പനങ്ങാടി നഗരസഭ പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവ്വഹിച്ചു.
ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സുഹറാബി അധ്യക്ഷയായിരുന്നു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കെ ഷഹർബാൻ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർ എം സി നസീമ എന്നിവർ ആശംസകൾ അർപ്പിച്ചു.ജില്ലാ മിഷൻ കോഡിനേറ്റർ ചന്ദ്രദാസ് ചലനം സംസ്ഥാന കോർ സമിതി അംഗങ്ങളായ ജയൻ പൂക്കാട്,
അനിൽകുമാർ, ശ്രീലത, സിഡിഎസ് മെൻറർ ഷീല വേണുഗോപാൽ, സിറ്റി മിഷൻ മാനേജർ റെനീഫ് എന്നിവർ സന്നിഹിതരായിരുന്നു.
പരപ്പനങ്ങാടി നഗരസഭയിലെ 45 വാർഡുകളിൽനിന്നുള്ള സിഡിഎസ് അംഗങ്ങളാണ് വിഷൻ ബിൽഡിംഗ് ശില്പശാലയിൽ പങ്കെടുക്കുന്നത്.
ഓഗസ്റ്റ് 16ന് ആരംഭിച്ച ശില്പശാല ഓഗസ്റ്റ് 19ന് വൈകുന്നേരത്തോടുകൂടി അവസാനിക്കും. കുടുംബശ്രീ സംസ്ഥാന മിഷൻ നേതൃത്വത്തിൽ ജില്ലാ മിഷൻ പിന്തുണയോടെ കേരളത്തിലെ
11 നഗരസഭകളിൽ നടപ്പിലാക്കുന്ന ചലനം മെന്റെർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ പദ്ധതി രൂപീകരണ ചർച്ചയും ആസൂത്രണവുമാണ് ശിൽപ്പശാലയിൽ നടന്നുവരുന്നത്.സുസ്ഥിര വികസന പദ്ധതികളും സ്വയം പര്യാപ്തമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയും ഒരു മികവിന്റെ കേന്ദ്രം എന്ന നിലയിൽ നഗര സിഡിഎസിനെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ചലനം ക്യാമ്പയിൻ സുപ്രധാനമായ ലക്ഷ്യമിടുന്നത്.
കേരളത്തിലെ മുഴുവൻ നഗരസഭകളിലും നടപ്പിലാക്കുന്ന ചലനം മെമ്പർഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് പ്രവർത്തനങ്ങൾക്കായി 11 നഗരസഭ സിഡിഎസുകൾ ആണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
അതിൽ പരപ്പനങ്ങാടി നഗരസഭ CDS ഉം ഉൾപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ ഒരു സിഡിഎസ് എന്ന നിലയിൽ 11 നഗര സിഡിഎസ് കളിലാണ് മെന്റെർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.
വരുന്ന ആറുമാസക്കാലം ഫലപ്രദമായി പ്രയോജനപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളായി നഗര സിഡിഎസ് പ്രവർത്തനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി. ഇതിന് ഉപകാരപ്പെടും വീതം അഞ്ചുമാസകാലത്തേക്കുള്ള വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആക്ഷൻ പ്ലാൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.
പ്രസ്തുത പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി ഓരോ സിഡിഎസിന്റെയും നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുകയും പ്രസ്തുത സ്റ്റാറ്റസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർമ്മ പദ്ധതി തയ്യാറാക്കുകയും ആണ് ചെയ്യുന്നത്. ഇതിനായി ചലനം മെമ്പർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മെൻറർ റിസോഴ്സ് പേഴ്സണെ ഓരോ നഗരസഭയിലും വിന്യസിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലാ മിഷന് കീഴിൽ പരപ്പനങ്ങാടി നഗരസഭ സിഡിഎസിലും പ്രസ്തുത പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
വരുന്ന അഞ്ചു മാസക്കാലം കൊണ്ട് നഗരസഭ സിഡിഎസ് ഒരു മികവിന്റെ കേന്ദ്രമാക്കി രൂപപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ചലനം മെന്റെർഷിപ്പ് ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്.
പ്രസ്തുത പ്രവർത്തനങ്ങളുടെ വിലയിരുത്തലും പിന്തുണ സഹായവും കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
