കൊച്ചി: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാംപെയിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പിന്തുണ പ്രഖ്യാപിച്ചു. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് വിജയ് പിന്തുണ അറിയിച്ചത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ വിജയ് പങ്കെടുക്കും. ചടങ്ങിൽ നടൻ മോഹൻലാലും സന്നിഹിതനാകുമെന്നാണ് വിവരം. പരിപാടിയുടെ തീയതി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലഹരി ഉപയോഗത്തിനും കടത്തിനുമെതിരായ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളം വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹകരണം തേടുന്നത്. യുവാക്കളിൽ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കാനും ക്യാംപെയിൻ ലക്ഷ്യമിടുന്നു.
