മലപ്പുറം കുന്നുംപുറത്ത് മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടെയാണ് കടല അബദ്ധത്തിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത്.
തുടർന്ന് കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീട്ടുകാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുന്നുമ്മൽ കാരാട്ടുങ്ങൽ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
