Recent Posts

{getWidget} $results={4} $label={recent}

7/26/2026 04:01:00 PM

 

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) ആണ് മരിച്ചത്. ബസിൽ നിന്ന് തെറിച്ചുവീണ വൈഷ്ണവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.


അപകടത്തിൽ വൈഷ്ണവിന്റെ സഹോദരൻ വൈശാഖിനുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആകെ 26 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ടൈൽസ് ജോലിക്കാരായ സഹോദരങ്ങൾ തൃശ്ശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന 'ഡിഫെൻഡർ' എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പിൻഭാഗം പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

ബസ് അമിതവേഗത്തിൽ ഇറക്കത്തിലേക്ക് എത്തി ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയത്ത് പെയ്ത മഴയും അപകടത്തിന് കാരണമായിരിക്കാമെന്നാണ് സൂചന.

ദേശീയപാതയിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനിടെയായിരുന്നു അപകടമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് വി. എസ്. ജോയ് എംഎൽഎ ആരോപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അപകടം നടന്ന ഉടൻ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ് പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. വൈഷ്ണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ