കോഴിക്കോട്: നഗരത്തിലെ കമ്മത്ത് ലൈനിലുള്ള നിരവധി സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി ഒരു സ്വർണക്കട ജീവനക്കാരൻ മുങ്ങിയതായി പരാതി.
പറമ്പിൽ ബസാർ സ്വദേശിയായ ഷഹർനാസിനെതിരെയാണ് ആരോപണം.
കടയിൽ എത്തിയ ഉപഭോക്താവിന് മോഡൽ കാണിക്കാനാണെന്ന് പറഞ്ഞ് സമീപത്തെ സ്വർണക്കടകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയെന്നാണ് വിവരം. വ്യാപാരികൾ തമ്മിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ സ്വർണം കൈമാറുന്ന പതിവ് ഇയാൾ ദുരുപയോഗം ചെയ്തതായാണ് പറയുന്നത്.
സ്വർണം വാങ്ങിക്കൊണ്ടുപോയ ശേഷം ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെ മറ്റ് കടയുടമകൾ നടത്തിയ അന്വേഷണത്തിലാണ് നിരവധി കടകളിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റിയതായി വ്യക്തമായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കടയിലെ മറ്റൊരു ജീവനക്കാരൻ ഭക്ഷണത്തിനായി പുറത്തുപോയ സമയത്താണ് ഇയാൾ സ്വർണവുമായി കടന്നുകളഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഇയാൾ കൈവശപ്പെടുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ