പാഠപുസ്തക അച്ചടി പൂര്‍ത്തിയായി; മെയ് 30-ന് മുമ്പ് സ്‌കൂളുകളില്‍ പുസ്തകമെത്തും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. പുസ്തകങ്ങള്‍ ജില്ലാ ഹബ്ബുകളിലേക്കുള്ള നീക്കം പുരോഗമിക്കുകയാണെന്നും മെയ് 30-ന് മുമ്പായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകളും മന്ത്രി തുറന്നു പറഞ്ഞു. സീറ്റുകളുടെ കുറവ് യാഥാര്‍ഥ്യമാണെന്നും മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച ശേഷമാകും അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും ഇന്നുതന്നെ പ്രവേശന നടപടികള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
