കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫ്‌സി ഐഎസ്എല്ലിൽ വീണ്ടും ശക്തമായ പ്രകടനം കാഴ്ചവെച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ Mohammedan Sporting Clubനെ 3-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ അഞ്ചാം മത്സരവും പരാജയമറിയാതെ മുന്നേറിയത്.
ആദ്യ പകുതിയിൽ പന്തടക്കത്തിലും ആക്രമണങ്ങളിലും മേൽക്കൈ പുലർത്തിയത്
ബ്ലാസ്റ്റേഴ്‌സായിരുന്നുവെങ്കിലും സ്കോർ ചെയ്തത് ആദ്യം മുഹമ്മദനായിരുന്നു. 41ാം മിനിറ്റിൽ റോയ് മഹിതോഷിന്റെ ദൂരപ്രഹരമാണ് അതിഥികൾക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ പിന്നിലായതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വേഗത്തിൽ തിരിച്ചടിച്ചു. കെവിൻ യോക്കിന്റെ മനോഹര പാസിൽ ഫ്രാഞ്ചു ഫ്രേവ്ലെസിയർ സമനില നേടി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മകമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് 56ാം മിനിറ്റിൽ ലീഡ് പിടിച്ചു. കെവിൻ യോക്കിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് വിക്ടർ ബാർതെമ്യു ടീമിന്റെ രണ്ടാം ഗോൾ നേടി.
തുടർന്ന് 74ാം മിനിറ്റിൽ ഫ്രാഞ്ചുവിന്റെ ക്രോസ് കൃത്യമായി ഫിനിഷ് ചെയ്ത് മലയാളി താരം ശ്രീക്കുട്ടൻ എം.എസ് വിജയത്തിന് നിറം പകർന്നു.
മത്സരത്തിലെ ആധിപത്യം മുഴുവൻ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിന്റ് സ്വന്തമാക്കി ലീഗ് പട്ടികയിൽ മുന്നേറ്റം തുടരുകയാണ്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയ ടീം നിലവിൽ എട്ടാം സ്ഥാനത്താണ്. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോൽവിയില്ലാത്ത പ്രകടനം ആരാധകർക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നുണ്ട്.