മലപ്പുറം: റവന്യൂ ജില്ലാ സ്‌പോട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി, ആണ്‍കുട്ടികളുടെ ജില്ലാതല മത്സരത്തിലും ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായി നാലാം തവണയും ചാമ്പ്യന്‍മാരായി. സമാപന പോരാട്ടത്തില്‍ പറപ്പൂര്‍ ഐ.യു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ മടക്കമില്ലാത്ത എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെമ്മങ്കടവിന്റെ വിജയം.
സംസ്ഥാന ടീമിന്റെ ഗോള്‍വല കാത്ത് ദേശീയ മത്സരത്തില്‍ പങ്കെടുത്ത അഭയ് കൃഷ്ണയുടെ മികച്ച പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സംസ്ഥാന ടീം അംഗങ്ങളായ രാജ്കുമാര്‍, ശാമില്‍ എന്നിവരും ടീമിലുണ്ടായിരുന്നു. ഇന്‍ഡോര്‍ ഹോക്കി മുന്‍ പരിശീലകനും സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ടീം കോച്ചുമായ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.
ഹോക്കിയില്‍ ടര്‍ഫ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളില്ലെങ്കിലും അനേകം സംസ്ഥാന നേട്ടങ്ങളും നിരവധി ദേശീയ താരങ്ങളെയും സംഭാവന ചെയ്യാന്‍ ചെമ്മങ്കടവിന് സാധിച്ചിട്ടുണ്ടെന്നും മികച്ച കളിസ്ഥലവും ഉപകരണങ്ങളും ലഭ്യമായാല്‍ ദേശീയ മത്സരങ്ങളിലും മികച്ച വിജയം നേടാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് പരിശീലകന്‍ ഡോ. ഷറഫുദ്ദീന്‍ റസ് വി പറഞ്ഞു.
അടുത്ത മാസം 28ന് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന മത്സരത്തിന് മുന്നോടിയായി മികച്ച പരിശീലനത്തിനായി ടീം അംഗങ്ങള്‍ അടുത്ത ദിവസങ്ങളിലായി രാമേശ്വരത്തേക്ക് പുറപ്പെടും.
ജില്ലാതല മത്സര വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി ഷാബിന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വേങ്ങര ഉപജില്ല സെക്രട്ടറി റാഷിദ്, മലപ്പുറം ഉപജില്ലാ സെക്രട്ടറി ഷാഹിദ് ബാവ, കായിക അധ്യാപകരായ കെ.പി. ഷാഹിദ്, ഷീബ എന്നിവര്‍ സംസാരിച്ചു.

